'സെൻഡ ദിൽ ഡ്രാഗൺ'; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രീടോപ്പ് നടപ്പാത

x

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രീടോപ്പ് നടപ്പാത സ്വിറ്റ്സർലൻഡില്‍ സഞ്ചാരികള്‍ക്കായി തുറന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളമുള്ള 'സെൻഡ ദിൽ ഡ്രാഗൺ' പാലമാണ് ഈ അപൂര്‍വ അവസരം ഒരുക്കുന്നത്. തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ലക്സ് മുർഷെറ്റ്ഗ്, ലാക്സ് ഡോർഫ് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം വനമേഖലയ്ക്ക് മുകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 11 ന് ഇത് പൊതുജനങ്ങൾക്കായി തുറന്നു. അതിനുശേഷം ഇതുവരെ ഏകദേശം അര ലക്ഷത്തോളം സന്ദർശകരാണ് ഇതിലൂടെ കടന്നുപോയത്.

മരത്തലപ്പുകള്‍ക്ക് മുകളിലൂടെയുള്ള യാത്ര സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമായ അനുഭവമാണ്. കാട്ടിൽ കാണാവുന്ന വിവിധ സസ്യങ്ങൾ, മരങ്ങൾ, മൃഗങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുന്ന ഇരിപ്പിടങ്ങളും വിവര പ്രദർശനങ്ങളുമുള്ള നാല് പ്ലാറ്റ്ഫോമുകൾ ആകാശപ്പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയിലെ അഞ്ച് പ്രദേശങ്ങളിൽ ഓഗ്മെന്‍റഡ് റിയാലിറ്റിഉപയോഗിച്ച്, പ്രാദേശിക മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവിതചക്രം, ഭൂമിശാസ്ത്രം, കൃഷി, മനുഷ്യവാസ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനുള്ള അവസരവും ഒരുക്കും. ഇതിനായി വാടകയ്ക്ക് ടാബ്ലറ്റുകള്‍ നല്‍കും. മഞ്ഞുകാലത്ത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവും എന്നാണു സംഘാടകര്‍ കരുതുന്നത്. ഇതിനായി പ്രത്യേക ഒരുക്കങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായി സംഗീതം, കഥപറച്ചിൽ, കുട്ടികള്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളുടെ രൂപങ്ങള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കാം.