പുക മഞ്ഞിൽ മൂടി താജ്മഹൽ:ആകാംക്ഷയിൽ സഞ്ചാരികൾ

Tajmahal
 

ഉത്തരേന്ത്യയിലെ കടുത്ത മലിനീകരണത്തില്‍ ആശങ്കയിലായി വിനോദ സഞ്ചാര രംഗം. ശൈത്യകാലത്തെയും പോലെ ഉത്തരേന്ത്യ വീണ്ടും അപകടകരമായ മലിനീകരണത്തെ അഭിമുഖീകരിക്കുന്ന സമയമാണിത്.വിദേശ വിനോദസഞ്ചാരികള്‍ക്കായി ഇന്ത്യ തുറന്നുകൊടുത്തിരിക്കെ, ഉത്തരേന്ത്യ മൊത്തത്തില്‍ പുകമഞ്ഞില്‍ അകപ്പെ‌ട്ടിരിക്കുകയാണ്.ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഈ സീസണിലെ ഏറ്റവും മോശം പുകമഞ്ഞ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. അപകടകരമായ പിഎം2.5 കണങ്ങളുടെ സാന്ദ്രത കഴിഞ്ഞ തിങ്കളാഴ്ച ഒരു ക്യൂബിക് മീറ്ററിന് 160 മൈക്രോഗ്രാം വരെ എത്തിയിരുന്നു.

നെല്ലിന്‍റെ വിളവെടുപ്പിനു ശേഷം ബാക്കിവന്നവ കത്തിച്ചുകളഞ്ഞ പുകയും ദീപാവലി ആഘോഷങ്ങളുടെ ബാക്കി പത്രമായ പുകയുമാണ് ഉത്തരേന്ത്യയെ അപകടകരമായ നിലയിലെത്തിട്ടത്. ഈ സീസണില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ പുകയും ഉയര്‍ന്ന തീപിടുത്തവും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി നേരത്തെ പുറത്തുവിട്ടിരുന്നു,

കൊവിഡ് ലോക്ഡൗണ്‍ കാലത്തെ അടച്ചിടലിനു ശേഷം ഈ അടുത്താണ് താജ്മഹല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. എന്നാല്‍ പുകമഞ്ഞ് മൂടിയ നിലയില്‍ താജ്മല്‍ ഉള്ളതിനാല്‍ ഇതിന്റെ ഭംഗി ആസ്വദിക്കുവാനാകുന്നില്ല.

പുകമഞ്ഞു കാരണം ഡെല്‍ഹിയില്‍ ഈ സീസണിലെ വായുവിന്റെ ഗുണനിലവാരം ഏറെ മോശമാണെന്ന് നാസയുടെ മാര്‍ഷല്‍ സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ യൂണിവേഴ്‌സിറ്റി സ്‌പേസ് റിസര്‍ച്ച്‌ അസോസിയേഷന്‍ (യുഎസ്‌ആര്‍എ) ശാസ്ത്രജ്ഞനായ പവന്‍ ഗുപ്ത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം കുറഞ്ഞത് 22 ദശലക്ഷം ആളുകളെയെങ്കിലും പുക ബാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതിനിടയില്‍, നോയിഡ, എല്ലാ ശൈത്യകാലത്തും അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ആന്റി-സ്മോഗ് ടവര്‍ സ്ഥാപിച്ചു. പുകമഞ്ഞ് ടവറിന് 20 മീറ്റര്‍ ഉയരവും, 1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

എസ്കേപ്പ് ടൂറിസം

അതേസമയം നഗരത്തിലെ മലിനീകരണത്തെത്തുടര്‍ന്ന് 'എസ്‌കേപ്പ് ട്രാവല്‍' എന്ന പുതിയ തരം ടൂറിസത്തിന് ഇവിടെ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. മോശം വായുവില്‍ നിന്നും പുകമഞ്ഞില്‍ നിന്നും രക്ഷപെട്ട് കുറച്ചു ദിവസം മാറി നില്‍ക്കുക എന്നതാണ് എസ്കേപ്പ് ട്രാവല്‍ അഥവാ എസ്കേപ്പ് ടൂറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.