ഇന്ത്യ-സിംഗപ്പൂർ വിമാന സർവീസ് 29 മുതൽ തുടങ്ങും

india-singapore
സിംഗപ്പൂര്‍: വിമാനയാത്രാ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായി. ചെന്നൈ, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം 6 ഫ്ലൈറ്റുകള്‍ വിടിഎല്‍ (വാക്സിനേറ്റഡ് ട്രാവല്‍ ലെയിന്‍) പ്രകാരം ഈ 29നു തുടങ്ങുമെന്ന് സിംഗപ്പൂരും,ഇന്ത്യയും അറിയിച്ചു.

ഡിസംബര്‍ ഒന്നിനു ശേഷം വരുന്നവര്‍ ബുധനാഴ്ച മുതല്‍ അപേക്ഷിച്ചാല്‍ മതി. പാസ് കിട്ടാന്‍ പാസ്പോര്‍ട്ടും വാക്സിനേഷന്റെ ഡിജിറ്റല്‍ തെളിവുമാണ് ഹാജരാക്കേണ്ടത്. സിംഗപ്പൂരില്‍ എത്തിയശേഷം നടത്തുന്ന കോവിഡ് പിസിആര്‍ ടെസ്റ്റിന്റെ റിസല്‍റ്റ് വരുന്നതുവരെ സ്വയം ഐസലേഷനില്‍ കഴിയുന്ന താമസസ്ഥലത്തിന്റെ വിലാസവും അറിഞ്ഞിരിക്കണം.

മാത്രമല്ല വിടിഎല്‍ ഇതര ഫ്ലൈറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലെ യാത്രക്കാര്‍ നിലവിലുള്ള കോവി‍ഡ് ആരോഗ്യ ചട്ടങ്ങള്‍ പാലിക്കണം.വാക്സിനേറ്റഡ് ട്രാവല്‍ പാസിനായി (വിടിപി) വിടിഎല്‍ യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. 29നും 2022 ജനുവരി 21നുമിടയില്‍ സിംഗപ്പൂരില്‍ എത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.

അതേസമയം വീസ വേണ്ടവര്‍ പാസ് കിട്ടിയശേഷം അതിനായി പ്രത്യേകം അപേക്ഷ നല്‍കണം. കോവിഡ് അനുബന്ധ ചികിത്സകള്‍ക്കായി ഇവര്‍ 30,000 സിംഗപ്പൂര്‍ ഡോളറിന്റെയെങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.