വർഷങ്ങൾക്ക് ശേഷം ഹൽദിബാരി-ചിലഹത്തി റയിൽവെ പാത വീണ്ടും തുറക്കുന്നു; പുതിയ പാസഞ്ചർ ട്രെയിനുമായി ഇന്ത്യയും ബംഗ്ലാദേശും

haldibari-  chilahati railway
കൊൽക്കത്ത: വർഷങ്ങൾക്ക്  മുമ്പ്​ സജീവമായി പ്രവർത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിർത്തിയിലൂടെ കടന്നുപോകുന്ന ഹൽദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ 56 വർഷങ്ങൾക്ക് ഇപ്പുറം  ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​.

ഇന്ത്യ-ബംഗ്ലാദേശ്  അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 4.5 കിലോമീറ്റർ അകലെയാണ് കൂച്ച് ബിഹാറിലെ ഹൽദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നിൽഫമാരി ജില്ലയിലെ ചിലഹത്തിയിൽനിന്ന് 12 കിലോമീറ്റർ അകലെ രംഗ്പൂർ ഡിവിഷനിലാണ് ഹൽദിബാരി സ്ഥിതി ചെയ്യുന്നത്.

കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷണർ തൗഫീഖ്​ ഹുസൈൻ, ഹൈകമീഷൻ ബിസിനസ് മേധാവി എം.ഡി. ശംസുൽ ആരിഫ്, സിലിഗുരി സൊണാലി ബാങ്ക് മാനേജർ ജബീദുൽ ആലം എന്നിവർ ഹൽദിബാരി റെയിൽവെ  സ്റ്റേഷനും റെയിൽവെ  ട്രാക്കും സന്ദർശിച്ചു. ചിലഹത്തിക്കും ഹൽദിബാരിക്കും ഇടയിൽ പാസഞ്ചർ ട്രെയിൻ സർവിസുകൾ ഉടൻ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തൗഫീഖ്​ ഹുസൈൻ പറഞ്ഞു.

'ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ ഇരു രാജ്യങ്ങളും അനുമതി നൽകിയിട്ടുണ്ട്​. പുതിയ സർവിസ്​ ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാരവും വ്യാപാരബന്ധവും വർധിപ്പിക്കാൻ സഹായിക്കുമെന്നും,  രാജ്യങ്ങളുടെ വികസനത്തിനും കരുത്തേകുമെന്നും,  കോവിഡ് സാഹചര്യം സാധാരണ നിലയിലായാൽ ബംഗ്ലാദേശിലേക്ക്​ ടൂറിസ്റ്റ് വിസകൾ നൽകാൻ സാധിക്കുമെന്നും  തൗഫീഖ്​ ഹുസൈൻ കൂട്ടിച്ചേർത്തു. പാസഞ്ചർ ട്രെയിനുകൾക്ക്​ പുറമെ ഓരോ മാസവും ഏകദേശം 20 ചരക്ക് ട്രെയിനുകളും സർവിസ്​ നടത്തും.

ഇന്ത്യയും ബംഗ്ലാദേശും  തമ്മിലുള്ള ഹൽദിബാരി-ചിലഹത്തി റെയിൽപാത 1965 വരെ പ്രവർത്തിച്ചിരുന്നു.  കിഴക്കൻ പാകിസ്​താൻ വിഭജനകാലമായിരുന്നു അത്.   കൊൽക്കത്തയിൽനിന്ന് സിലിഗുരിയിലേക്കുള്ള ബ്രോഡ് ഗേജ് പ്രധാന പാതയുടെ ഭാഗമായിരുന്നു ഇത്. വിഭജനത്തിനു ശേഷവും ആസമിലേക്കും വടക്കൻ ബംഗാളിലേക്കും പോകുന്ന ട്രെയിനുകൾ ഇതുവഴി യാത്ര തുടർന്നു. എന്നാൽ, 1965ലെ യുദ്ധത്തെ തുടർന്ന്​ ഇന്ത്യയും അന്നത്തെ കിഴക്കൻ പാകിസ്​താനും തമ്മിലുള്ള എല്ലാ റെയിൽവെ  ബന്ധങ്ങളും വിച്ഛേദിച്ചു. ഇതിനെത്തുടർന്ന് ഈ പാതയിലൂടെയുള്ള യാത്രയും അവസാനിച്ചു.