ഐഷ സുൽത്താനക്ക് പിന്തുണയുമായി ഐഷേ ഘോഷ്

aisha sulthana

ലക്ഷദ്വീപ് സ്വദേശിയും സിനിമാപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ. നേതാവുമായ ഐഷേ ഘോഷ്. രാജ്യദ്രോഹം ഉപയോഗിച്ച് വിയോജിപ്പുകളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ഐഷേ ഘോഷ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ആണ് ഐഷ സുൽത്താനെക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി ഐഷേ ഘോഷ് രംഗത്തെത്തിയത്. 

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ഐഷ പറയുന്നത്.

ഐഷ സുൽത്താനക്കെതിരെ കേസ് ചുമത്തിയതിനാൽ പൊലീസിന് അഭിനന്ദനവുമായി സംഘ് അനുകൂലികൾ ഇതിനോടകം രംഗത്ത് എത്തിയിരുന്നു . ലക്ഷദ്വീപ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നടപടിയിൽ അഭിനന്ദന പ്രവാഹം ഒഴുകുന്നത്. മലയാളികൾ അടക്കമുള്ള സംഘ് അനുഭാവികളാണ് ലക്ഷദ്വീപ് പൊലീസിന്റെ പോസ്റ്റുകൾക്കു താഴെ ആശംസാ കമന്റുകളുമായി നിറയുന്നത്. ജിഹാദി, ഇന്ത്യാ വിരുദ്ധ പ്രചാരക, ദേശവിരുദ്ധ എന്നിങ്ങനെയാണ് ഇവർ ഐഷയെ വിശേഷിപ്പിക്കുന്നത്.