കഷ്ടകാലം വിട്ടുമാറാതെ ലക്ഷദ്വീപ് നിവാസികൾ

lekshadweep

കൊവിഡിന്‍റെ പേരിൽ ലക്ഷദ്വീപിൽ  കർഫ്യൂ നീട്ടിയതോടെ  ദ്വീപ് നിവാസികൾ പട്ടിണിയിലേക്ക്. 40 ദിവസമായി തൊഴിലൊന്നുമില്ലാതെ ബുദ്ധിമുട്ടുന്ന  ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കാൻ ഇതുവരെ  ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചിട്ടില്ല. കൊവിഡ് പടർന്ന് പിടിച്ചതോടെ കഴിഞ്ഞ മാസം 29 ന് മൂന്ന് ദ്വിപിൽ സമ്പൂർണ്ണ കർഫ്യൂവും, മറ്റ് ദ്വീപുകളിൽ ലോക് ഡൗണും പ്രഖ്യാപിക്കുന്നത്. അന്ന് 14 ദ്വീപ് സമൂഹത്തിലുമായി കൊവിഡ് കേസ് 2000 മുകളിലായിരുന്നു. ഇന്നലെ അത് 1000 ലേക്ക് താഴ്ന്നു. എന്നാൽ ഭരണകൂടം കർഫ്യൂ മുഴുവൻ ദ്വീപികുളിലേക്കും വ്യാപിപ്പിച്ചിരുന്നു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കർഫ്യൂ നീട്ടിയതോടെയാണ്  ജനം കൂടുതൽ ദുരിതത്തിലായത്.

ഏഴുപതിനായിരത്തോളം വരുന്ന ദ്വീപ് ജനതയിൽ 80 ശതമാനവും മത്സ്യ, കയർമേഖലയിൽ ജോലി ചെയ്ത് അന്നന്നത്തെ കൂലിയ്ക്ക് ജീവിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങളിലാണ് പട്ടിണിയേറെ. ഏതാണ്ട് 20,000 ആളുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ടെന്നാണ് ദ്വീപ് ജനത പറയുന്നത്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ച ഭരണകൂടം നാളിതുവരെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല.

അടിയന്തര നടപടി ആവശ്യപ്പെട്ട് ദ്വീപ് നിവാസികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ലക്ഷദ്വീപ് വിഷയത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തർ ഫെഡറേഷൻ എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടം ഇറക്കിയ വിവിധ നിയമങ്ങളുടെ കരടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ ലക്ഷ് ദ്വീപ് ഭരണകൂടം ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ലക്ഷദ്വീപിൽ അടുത്ത ഘട്ട സമര പരിപാടികൾ തീരുമാനിക്കാനായി കോർ കമ്മിറ്റി യോഗവും  ഉടൻ ചേരും.