ഒഴുകി നടക്കും ഗ്രാമങ്ങൾ

 Villages that flow

ലോകമെങ്ങും നാഗരികതകൾ ഉത്ഭവിച്ചതും വികസിച്ചതും ജലാശയങ്ങള്‍ക്ക് ചുറ്റുമാണെന്ന് ചരിത്രം പറയുന്നത്. നദികള്‍ക്ക് ചുറ്റുമായി ജീവിക്കേണ്ടത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജനതയുടെ ആവശ്യമായിരുന്നു. ജലാശയങ്ങളിൽ വസിക്കുന്ന കമ്മ്യൂണിറ്റികളെ ലോകമെമ്പാടും പലയിടങ്ങളിലും കാണാൻ കഴിയും. ഉൾനാടൻ ജലാശയങ്ങളുടെ ഉപരിതലത്തിലുള്ള ഈ വാസസ്ഥലങ്ങൾ ഫ്ലോട്ടിങ് വില്ലേജുകൾ അല്ലെങ്കിൽ ബോട്ട് കമ്മ്യൂണിറ്റികൾ എന്നാണറിയപ്പെടുന്നത്. വംശീയവും തൊഴിൽപരവുമായ കാരണങ്ങളാൽ വികസിപ്പിക്കപ്പെട്ട ഇത്തരം ഫ്ലോട്ടിംഗ് വില്ലേജുകളില്‍ പലതും ഇന്ന് ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടിയാണ്. തെക്ക് കിഴക്കൻ ഏഷ്യയ്ക്ക് ചുറ്റുമുള്ള ജലാശയങ്ങളില്‍ ബോട്ടുകളിൽ താമസിക്കുന്ന ഈ സമുദ്ര ജിപ്സികളാണ് തായ്‍‍‍‍ലൻഡിലെ മോഗെനുകൾ .2005 ലെ സുനാമിക്കുശേഷമാണ് ഇവര്‍ ആദ്യമായി ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. നാടോടികളായ ഈ സമൂഹം ബർമ, തായ്ലൻഡ്, മലേഷ്യ, ബോർണിയോ എന്നിവിടങ്ങളിലുള്ള ജലാശയങ്ങളിലാണ് വസിക്കുന്നത്. ബോട്ടുകളിൽ തികച്ചും ലളിതമായ ജീവിതം നയിക്കുന്നവരാണ് ഇവർ. ഇക്കൂട്ടര്‍ക്ക് പൗരത്വം നൽകാനുള്ള തായ് ഗവൺമെന്റിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി, ഈ സമൂഹത്തിന്‍റെ പേര് ഔദ്യോഗികമായി തായ് മായ് എന്നാക്കി മാറ്റിയിരുന്നു. കംബോഡിയയിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് ടോൺലി സാപ്പ്. നിരവധി ഫ്ലോട്ടിംഗ് വില്ലേജുകളുള്ള ഇവിടെ ഓരോ സീസണിലും തടാകത്തിന്‍റെ വലുപ്പത്തിലുണ്ടാകുന്ന മാറ്റത്തിനനുസൃതമായി ഇവയുടെ എണ്ണവും വ്യത്യാസപ്പെടുന്നു.മഴക്കാലത്ത് ഏകദേശം 31,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി കണക്കാക്കുന്ന ഈ തടാകം ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല വെള്ളപ്പൊക്ക പ്രദേശമായും കണക്കാക്കപ്പെടുന്നു. 1997 ൽ ഐക്യരാഷ്ട്രസഭയുടെ ബയോസ്ഫിയർ പട്ടികയിൽ തടാകം ഇടം നേടിയിരുന്നു. ഫിലിപ്പൈൻസിലെ സുരിഗാവോ സിറ്റിയിലാണ് ഡേ-അസൻ ഫ്ലോട്ടിംഗ് വില്ലേജ്. ജലാശയങ്ങള്‍ക്ക് മുകളില്‍ മരക്കാലുകളില്‍ പൊങ്ങി നില്‍ക്കുന്ന വീടുകള്‍ ഉള്ള ഇവിടം ഒരു പ്രധാന മത്സ്യബന്ധന ഗ്രാമമാണ്.