അന്താരാഷ്ട്ര തൊഴില്‍ മേഖല അനിശ്ചിതത്വത്തില്‍; വീണ്ടെടുക്കാന്‍ വൈകുമെന്ന് ഐഎല്‍ഒ

അന്താരാഷ്ട്ര തൊഴില്‍ മേഖല അനിശ്ചിതത്വത്തില്‍; വീണ്ടെടുക്കാന്‍ വൈകുമെന്ന് ഐഎല്‍ഒ

ജനീവ: 2020 ന്‍റെ രണ്ടാംപകുതിയിലെത്തി നില്‍ക്കുമ്പോള്‍ ആഗോള തൊഴില്‍ വിപണി അനിശ്ചിതത്വത്തിലാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന. കോവിഡ്19 പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന അനുകൂല സാഹചര്യം തിരിച്ചുപിടിക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നും അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ‌ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎല്‍ഒ) യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം ജോലി സമയത്തില്‍ വന്‍ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രവൃത്തി സമയത്തിന്‍റെ 18.3 ശതമാനത്തോളം അമേരിക്കയ്ക്ക് നഷ്ടമായെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ പ്രവൃത്തി സമയത്തിന്‍റെ 14 ശതമാനമാണ് 2020ന്‍റെ രണ്ടാം പാദമായപ്പോഴേക്കും നഷ്ടമായത്. ഇത് 400 ദശലക്ഷം മുഴുവൻ സമയ ജോലികള്‍ക്ക് തല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാം പാദത്തില്‍ 4.9 ശതമാനം ആയിരുന്നു പ്രവൃത്തി സമയത്തില്‍ ഉണ്ടായിരുന്ന ഇടിവ്. മഹാമാരിയുടെ രണ്ടാം വരവ് കണക്കിലെടുത്ത് ഇത് 11.9 ശതമാനം വരെ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

"കോവിഡ് 19 അന്താരാഷ്ട്ര തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്, അത്ര വേഗത്തില്‍ ഇത് വീണ്ടെടുക്കാനും സാധിക്കില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം, ഉയർന്ന തോതിലുള്ള അസമത്വം, കടബാധ്യത തുടങ്ങിയവ ഇനി സഹജമായിരിക്കും," ഐ‌എൽ‌ഒ ഡയറക്ടർ ജനറൽ, ഗൈ റൈഡർ അഭിപ്രായപ്പെട്ടു.

ഗൈ റൈഡർ

വികസ്വര രാജ്യങ്ങളിലെ സ്ഥിതിയാണ് വളരെ പരിതാപകരമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ 93 ശതമാനം പേരും തൊഴിലില്ലാതെ തുടരുകയാണ്. ഹോട്ടല്‍, റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിട്ടുള്ളതെന്നും, ഇത്തരം മേഖലയില്‍ സജീവമായ സ്ത്രീ തൊഴിലാളികളെ ഇത് ദുരിതത്തിലാക്കിയതായും ഐ‌എൽ‌ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.