ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ കാലിഫോർണിയയിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു

10 people killed in mass shooting at Monterey Park dance studio
 

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും കൂട്ട കൊലപാതകം. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു. പതിനായിരങ്ങൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അക്രമകാരി പുരുഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോണ്‍ട്രേ പാര്‍ക്കിലെ ഒരു ഡാന്‍സ് ക്ലബ്ബിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പ് നടന്ന മോണ്‍ട്രേ പാര്‍ക്കില്‍ 60,000-ഓളമാണ് ജനസംഖ്യ. ഇതില്‍ കൂടുതലും ഏഷ്യന്‍ വംശജരാണ്. 65 ശതമാനം ഏഷ്യന്‍- അമേരിക്കക്കാരാണ് ഇവിടെ താമസിക്കുന്നത്. 27 ശതമാനം ലാറ്റിനോകളും ആറ് ശതമാനം വെള്ളക്കാരുമാണ് താമസക്കാര്‍. ഇവിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. പത്ത് പേരുടെ മരണം സ്ഥിരീകരിച്ചതായാണ് ലോസ് ആഞ്ജിലിസ് ടൈംസിന്റെ റിപ്പോര്‍ട്ട്. പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മൂന്ന് പേര്‍ അതിക്രമിച്ചെത്തി കടയടക്കാന്‍ ആവശ്യപ്പെട്ടതായി വെടിവെപ്പ് നടന്നതിന് സമീപത്ത് റെസ്റ്റോറന്റ് നടത്തുന്നയാള്‍ ലോസ് ആഞ്ജലിസ് ടൈംസിനോട് പറഞ്ഞു. സെമി ഓട്ടോമാറ്റിക് തോക്കാണ് ആക്രമകാരിയുടെ കൈവശമുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അനേകംതവണ വെടിവെക്കാനുള്ള വെടിക്കോപ്പ് ഇയാളുടെ കൈവശമുണ്ടായിരുന്നതായാണ് വിവരം. വലിയ തോക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും കണ്ണില്‍ കണ്ടവര്‍ക്ക് നേരയെല്ലാം ഇയാള്‍ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
 
വര്‍ഷങ്ങളായി ആഘോഷങ്ങള്‍ നടന്നുവരാറുണ്ടെങ്കിലും കാലിഫോര്‍ണിയയില്‍ ആദ്യമായാണ് ചൈനീസ് പുതുവത്സരം ഒദ്യോഗികമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ ഭക്ഷണ സ്റ്റാളുകളും അമ്യൂസ്‌മെന്റ് റൈഡുകളും ഒരുക്കിയിരുന്നു.