വിയറ്റ്‌നാം : പ്രകൃതി ദുരന്തങ്ങളില്‍ വന്‍ ആള്‍നാശം

വിയറ്റ്‌നാം : പ്രകൃതി ദുരന്തങ്ങളില്‍ വന്‍ ആള്‍നാശം

ഹനോയ്: വെള്ളപ്പൊക്കം - ഉരുള്‍പ്പൊട്ടല്‍ പ്രകൃതി ദുരന്തങ്ങളില്‍ സെട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 21 പേരെ കാണാതായെന്ന് രാജ്യത്തെ പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണ കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി ഒക്ടോബര്‍ 22 ന് അറിയിച്ചു. ഒക്ടോബര്‍ തുടക്കം മുതലാണ് വിയറ്റ്‌നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ക്വാങ് ട്രൈ, തുവ തിന്‍ ഹ്യൂ, ക്വാങ് നാം പ്രവിശ്യകളിലാണ് മരണങ്ങളേറെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ വൈകീട്ട് ഏഴു വരെ (പ്രാദേശിക സമയം) ഹാ ടിന്‍, ക്വാങ് ബിന്‍, ക്വാങ് ട്രൈ എന്നിവിടങ്ങളില്‍ 59300 ഓളം വീടുകളില്‍ നിന്ന് 206800 പേരെ ഒഴിപ്പിച്ചതായി പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണ കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ഹാ ടിന്‍, ക്വാങ് ബിന്‍ എന്നിവിടങ്ങളിലെ 46800 വീടുകള്‍ വെള്ളത്തിനടിയിലായി. 691100 ലധികം കന്നുകാലി - കോഴികള്‍ ചാവുകയോ വെള്ളത്തില്‍ ഒലിച്ചുപോകുകയോ ചെയ്തുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ദുരന്തനിവാരണ നടപടികള്‍ പുരോഗമിക്കുന്നുവെന്ന്‌സമിതി അറിയിച്ചു.

പ്രകൃതിദുരന്തത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിച്ചു നല്‍കുന്നതായി വിയറ്റ്‌നാം വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. ആവശ്യ സാധനങ്ങളുടെ വില കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിയറ്റ്‌നാം വാര്‍ത്താ ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളെ മുന്‍നിറുത്തി ദുരിതബാധിത പ്രദേശങ്ങളിലെ ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. പ്രാദേശിക വിപണികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുന: സ്ഥാപിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയതായി മന്ത്രാലയം പറഞ്ഞു.