അഫ്ഗാനിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ ഭീകരാക്രമണം; 33 പേർ കൊല്ലപ്പെട്ടു
Fri, 22 Apr 2022

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ ഭീകരാക്രമണം. സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. ആക്രമണത്തെ അപലപിക്കുന്നതായും ദുഃഖിതരോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടന്നിരിക്കുന്നത്.