ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 60,000 പേർ

china
 

ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒരു മാസത്തിൽ 60000 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യ​ഹുയി പറഞ്ഞു. ഇവയിൽ‌ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോ​ഗത്തെത്തുടർന്നാണ്. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോ​ഗസംബന്ധമായ രോ​ഗങ്ങൾ ഉള്‍പ്പടെയുള്ള പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണ്. 

മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ​ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും  റിപ്പോർട്ടില്‍ പറയുന്നു. 

കൃത്യമായ രോ​ഗ-മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞദിവസവും ചൈനയ്ക്കെതിരെ ലോകാരോ​ഗ്യസംഘടന രം​ഗത്തെത്തിയിരുന്നു. രോ​ഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണക്കുകൾ പുറത്തുവിട്ടത്.