സാങ്കേതിക തകരാർ; ആർട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി

സാങ്കേതിക തകരാർ; ആർട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി
 

ന്യൂയോർക്ക്: നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വീണ്ടും മാറ്റിവെച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്.

തകരാർ മൂലം ആഗസ്റ്റ് 29ന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയിരുന്നു. റോക്കറ്റിന്റെ 4 കോർ സ്‌റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് മുമ്പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എഞ്ചിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാൽ ഒരു എഞ്ചിനിൽ ഇത് പറ്റിയില്ല. ഇതിനെ തുടർന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.
  
 

ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്.

നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. ശീതീകരിച്ച 10 ലക്ഷം ഗാലന്‍ ഹൈഡ്രജനും ഓക്‌സിജനുമാണ് ഇതിലെ ഇന്ധനം. ആര്‍ട്ടെമിസ്-1 എന്നു വിളിക്കുന്ന ഈ ദൗത്യത്തില്‍ മനുഷ്യരെ അയക്കുന്നില്ല. 2025-ല്‍ പദ്ധതിയിടുന്ന ആര്‍ട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യന്‍ ചന്ദ്രനിലിറങ്ങുക.