കാലിഫോര്‍ണിയ വെടിവെപ്പ്; അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

california
 

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവെയ്പ്പിലെ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് പരിശോധനയില്‍ വാഹനത്തിന് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ സ്വയം വെടിയുതിര്‍ത്തതാണെന്നാണ് സൂചന. ഏഷ്യക്കാരനായ ഹുയു കാന്‍ ട്രാന്‍ എന്ന 72കാരനാണ് അക്രമിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അക്രമിയുടെ ഉദ്ദേശമെന്തായിരുന്നെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പതിനായിരങ്ങള്‍ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്. മരിച്ചവരുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.