ഉത്തര കൊറിയയിൽ പനിബാധിച്ച് വെള്ളിയാഴ്ച 21 പേർ മരിച്ചതായി റിപ്പോർട്ട്

cc

പ്യോങ് യാങ്: ഉത്തര കൊറിയയിൽ പനിബാധിച്ച് വെള്ളിയാഴ്ച 21 പേർ മരിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം രാജ്യത്ത് കോവിഡ് സ്ഥിരികരിച്ചതായി ഉത്തരകൊറിയ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. ഇതാദ്യമായാണ് ഈ വർഷം കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നതിലൂടെ രാജ്യത്ത് "വലിയ പ്രക്ഷുബ്ധത" നിലനിൽക്കുന്നുണ്ടെന്ന് കിം ജോങ് ഉൻ അറിയിച്ചു.

എന്നാൽ പുതിയ മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ച് രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചതായി വാർത്താമാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരണത്തിന് ശേഷം രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപക കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തില്ലെന്നും കോവിഡ് കേസുകളുടെ കാരണത്തെ കുറിച്ച് ധാരണയില്ലെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താറുമാറായ ആരോഗ്യസംവിധാനത്തിന് കനത്ത പ്രഹരമാകും കോവിഡ് വ്യാപനമെന്നാണ് വിലയിരുത്തൽ. 26 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഭൂരിഭാഗം ആളുകളും വാക്സിൻ ലഭിച്ചവരല്ല.

ഏപ്രിൽ അവസാനവാരത്തിനുശേഷം ഉത്തരകൊറിയയിൽ 3,50,000 പേർക്ക് പനി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. അതിൽ 1,62,200 പേർ രോഗമുക്തി നേടി. എന്നാൽ 1,87,800 പേരെ രോഗബാധയെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം 2023 വരെ നിലനിൽക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.