കള്ളന്മാർക്ക് അധികാരം കൈമാറുന്നതിനേക്കാൾ നല്ലതാണ് പാകിസ്താനിൽ അണുബോംബ് വർഷിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ

imran

ലാഹോർ: കള്ളന്മാർക്ക് അധികാരം കൈമാറുന്നതിനേക്കാൾ നല്ലതാണ് പാകിസ്താനിൽ അണുബോംബ് വർഷിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വെള്ളിയാഴ്ച ഇസ്ലാമാബാദ് ബനിഗലയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമർശം നടത്തിയതെന്ന് ദ ന്യൂസ് ഇൻറർനാഷനൽ റിപ്പോർട്ട് ചെയ്തു.

കള്ളന്മാർ രാജ്യത്തിൻറെ അധികാരം നിയന്ത്രിക്കുന്നതിൽ ഖാൻ ഞെട്ടൽ രേഖപ്പെടുത്തി. മുൻ ഭരണാധികാരികളുടെ അഴിമതിയുടെ കഥകൾ തന്നോട് പറയുന്ന ശക്തരായ ആളുകൾ മറ്റുള്ളവർക്കെതിരായ അഴിമതി ആരോപണങ്ങൾക്ക് പകരം തന്റെ സർക്കാറിന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കാൻ തുടങ്ങിയിരിക്കുന്നു. അധികാരത്തിലെത്തിയ കള്ളന്മാർ എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തകർത്തു. ഈ കുറ്റവാളികളുടെ കേസുകൾ ഏത് സർക്കാർ ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക എന്നും ഖാൻ ചോദിച്ചു.

അതേസമയം, സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളിലൂടെ പാകിസ്താനിലെ ജനങ്ങളുടെ മനസ്സിൽ ഖാൻ വിഷം കലർത്തുകയാണെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പ്രതികരിച്ചു. മെയ് 20 നടക്കുന്ന ലോങ് മാർച്ച് തലസ്ഥാന നഗരിയിൽ പ്രവേശിക്കുന്നത് തടയാൻ ഒരു അധികാരത്തിനും കഴിയില്ലെന്ന് ഇംറാൻ ഖാൻ ശഹ്ബാസ് സർക്കാറിന് മുന്നറിയിപ്പ് നൽകി.

യഥാർഥ സ്വാതന്ത്ര്യം നേടിയെടുക്കാനും ഇറക്കുമതി ചെയ്ത സർക്കാറിനെതിരെ പ്രതിഷേധിക്കാനും 20 ലക്ഷത്തിലധികം ആളുകൾ ഇസ്ലാമാബാദിലെത്തും. ചൂട് കൂടിയാതിനാൽ ആളുകൾ പുറത്തിറങ്ങില്ലെന്നാണ് എതിരാളികൾ പറയുന്നത്. എത്ര കണ്ടെയ്നറുകൾ നിരത്തി തടസ്സം സൃഷ്ടിച്ചാലും 20 ലക്ഷം പേർ ഇസ്ലാമാബാദിലെത്തുമെന്നും ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.