തനിക്ക് ദൈവം രണ്ടാം ജന്മം നല്‍കി;വെടിയേറ്റത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇമ്രാൻ ഖാൻ

imran khan
 

പാകിസ്ഥാനിലെ റാലിക്കിടെ വെടിയേറ്റതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.  തനിക്ക് ദൈവം രണ്ടാം ജന്മം നല്‍കിയെന്നാണ്  അദ്ദേഹം പറഞ്ഞത്. ഇന്നലെ നടന്ന ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇമ്രാൻ ഖാൻ തന്റെ പ്രതികരണമറിയിക്കുന്നത്. അക്രമത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലാഹോറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

'ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്, വെടിയുണ്ടകളുടെ അംശം ശരീരത്തില്‍ അവശേഷിക്കുന്നുണ്ട്.അദ്ദേഹത്തെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.ഡോക്ടര്‍മാര്‍ പിന്നീട് വിശദമായ മൊഴിയെടുക്കും' എന്ന് ഷൗക്കത്ത് ഖാനം ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വസീറാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇതിനിടെ പ്രതി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഇമ്രാന്‍ ഖാനും മറ്റ് 9 പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.