റ‍ഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നിൽ സന്ദർശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി

xx

കിയവ്: റ‍ഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നിൽ സന്ദർശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി. യുക്രെയിനിലെ ലിവിവിൽ നടി സന്ദർശനം നടത്തുന്നതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യു.എൻ അഭയാർഥി ഏജൻസിയുടെ പ്രത്യേക പ്രതിനിധിയാണ് ആഞ്ജലീന ജോളി.യുക്രെയ്നിലെ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരും കുട്ടികളുമായും സന്ദർശനത്തിനിടെ ആഞ്ജലീന ജോളി സംസാരിച്ചു.

ആളുകൾക്ക് മനക്കരുത്ത് നൽകാൻ മനോരോഗ വിദഗ്ധർ ദിവസവും 15 പേരോട് സംസാരിക്കാറുണ്ടെന്ന് സന്നദ്ധ പ്രവർത്തകർ നടിയോട് പറഞ്ഞു. ക്യാമ്പിൽ രണ്ട് മുതൽ പത്തുവയസ്സുവരെയുള്ള കുട്ടികളാണ് കൂടുതലുളളതെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു.അധിനിവേശങ്ങൾ കുട്ടികളിലുണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് തനിക്കറിയാമെന്നും അവർക്ക് പറയാനുള്ളതെല്ലാം ആരെങ്കിലും ക്ഷമയോടെ കേൾക്കാൻ തയാറാണെങ്കിൽ അത് അവർക്ക് വലിയ ആശ്വാസമാണ് നൽകുകയെന്നും മറുപടിയായി ആഞ്ജലീന ജോളി പറഞ്ഞു.

കുട്ടികളുമായി നടി സംവദിക്കുകയും വോളന്റിയർമാർക്കും ചില കുട്ടികൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയുകയും ചെയ്തു. രണ്ട് മാസത്തിനിടെ യുക്രെയ്നിലെ 30 ശതമാനത്തോളം ആളുകൾ വീട് വിട്ട് പലായനം ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.