മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

rumors about sri lanka prime minister Mahinda Rajapaksa s resignation
 

കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം. പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവ കക്ഷി മന്ത്രിസഭ ഉണ്ടാക്കാൻ  പ്രസിഡന്റ് സമ്മതിച്ചു എന്നാണ് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചില്ല.

പുതിയ പ്രധാനമന്ത്രി ആയി ആരെയെങ്കിലും നിർദേശിക്കാൻ ഉണ്ടെങ്കിൽ എഴുതി നല്കാൻ മാത്രമാണ് ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രിയെ നീക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 


പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ഒരു ദേശീയ കൗൺസിലിനെ നിയമിക്കുമെന്ന് പ്രസിഡന്റ് രജപക്‌സെ സമ്മതിച്ചു. സര്‍വകക്ഷി സര്‍ക്കാർ രൂപീകരിക്കുമെന്നും രജപക്സെ പറഞ്ഞതായി സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനം ദിവസങ്ങളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്.


മഹിന്ദ രാജപക്സെയും ഗോത്തബയ രാജപക്സെയും തമ്മിൽ അഭിപ്രായ ഭിന്നത ഉളളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാൻ തയാറായില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു.
  
 
അതേസമയം, തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും മഹിന്ദ രജപക്സെ പറഞ്ഞിരുന്നു. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നാണ് രജപക്സെ വ്യക്തമാക്കുന്നത്. താന്‍ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രജപക്സെ കൂട്ടിച്ചേര്‍ത്തു.