ആശങ്ക ഒഴിയുന്നില്ല; യുകെയിൽ ഒമൈക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം

omicron
 

ലണ്ടൻ: യുഎസിൽ അതിവേഗം പടർന്നുപിടിച്ച ഒമൈക്രോണിന്റെ ഉപവകഭേദം യുകെയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. 

ഓഗസ്റ്റ് 14 മുതലുള്ള കോവിഡ് പരിശോധനാ ഫലങ്ങളിൽ 3.3% ശതമാനം സാമ്പിളുകളിലും കണ്ടെത്തിയത് BA.4.6 വകഭേദം ആയിരുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ബ്രീഫിംഗ് ഡോക്യുമെന്റ് വ്യക്തമാക്കുന്നു. ഇതിനുശേഷം BA.4.6 കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഡോക്യുമെന്റിൽ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.


ഒമൈക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്.  അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും ഇതും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്. 

പല നിലയിലും ബിഎ.4ന് സമാനമാണ് ബിഎ.4.6. ബിഎ.4 പോലെ സ്‌പൈക് പ്രോട്ടീനിലാണ് ഉള്‍പരിവര്‍ത്തനം സംഭവിക്കുന്നത്. വൈറസിന് പുറത്തുള്ള ഈ പ്രോട്ടീനാണ് കോശങ്ങളില്‍ അതിക്രമിച്ച് കയറാന്‍ സഹായിക്കുന്നത്.