ജപ്പാനിലേക്ക് വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ

ജപ്പാനിലേക്ക് വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ
 

ടോക്കിയോ: ജപ്പാനിലേക്ക് വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചതെന്ന് സംശയിക്കുന്നതായി സിയോൾ സൈന്യം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ വിക്ഷേപണമാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

‌‌പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ജപ്പാനും അറിയിച്ചു. 10.15ന് പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്ത് നിന്ന് കിഴക്കൻ കടലിലേക്ക് തൊടുത്തുവിട്ട ദീർഘദൂര ബാലിസ്റ്റിക് മിസൈൽ കണ്ടെത്തിയതായി സിയോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.


വെള്ളിയാഴ്ച നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയുടെ ഭാഗമായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് നേതാക്കളും വിക്ഷേപണത്തെ അപലപിച്ചു.
  
“ഈ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, നിയമവിരുദ്ധവും അസ്ഥിരപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ വീണ്ടും ഉത്തരകൊറിയയോട് ആവശ്യപ്പെടുന്നു,” വിക്ഷേപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ഹാരിസ് പറഞ്ഞു.

കൂടുതൽ മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്നും ആണവ പരീക്ഷണം നടത്താൻ സാധ്യതയുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മുന്നറിയിപ്പ് നൽകിയതായി ജാപ്പനീസ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെയും ജപ്പാന് നേരെ ഉത്തരകൊറിയ മിസൈൽ തൊടുത്തിരുന്നു. ഒക്ടോബർ ആദ്യം നടത്തിയ മിസൈൽ വിക്ഷേപണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വടക്കൻ ജപ്പാന് മുകളിലൂടെയായിരുന്നു മിസൈൽ പരീക്ഷണം. ഇതോടെ വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചിരുന്നു.

ആളുകളെ പാർപ്പിടങ്ങളിൽ നിന്ന് ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2017ന് ശേഷം ആദ്യമായി ഒക്ടോബറിലാണ് ജപ്പാനിലേക്ക് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ഉണ്ടാവുന്നത്.