ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് വധശിക്ഷ

iran
 

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി.ഇറാൻ റെവലൂഷനറി കോടതിയുടേതാണ് നടപടി. ഹിജാബ്  വിരുദ്ധ പ്രക്ഷോഭത്തിനിടെ സർക്കാർ കെട്ടിടത്തിന് തിവെച്ച കേസിലെ പ്രതിയ്ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത് . പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്കെതിരായ നടപടിയിൽ ആദ്യത്തെ വധശിക്ഷയാണിത്. 

ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്ക് വധശിക്ഷ നൽകണമെന്ന് പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. വധശിക്ഷ വേണമെന്ന ആവശ്യത്തെ പാർലമെന്റിലെ 290 അംഗങ്ങളിൽ 277 പേരും പിന്തുണയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

പ്രതിഷേധത്തിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ പ്രധാന കുറ്റവാളികൾക്ക് വധശിക്ഷ നൽകുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഘോലാം ഹൊസെൻ മൊഹ്‌സെനി അറിയിച്ചു. 

സെപ്തംബർ 16ന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മെഹ്സ ആമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ സമരം ആരംഭിച്ചത് .