യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

putin
 

മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയെന്ന് പുട്ടിൻ പറഞ്ഞു. 

അതിർത്തിയിൽ മുഴുവനും വെടിനിർത്തിൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും വെടിനിർത്തലിന് തയാറാകണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു. 
  

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രൈനിൽ സമ്പൂർണ വെടിനിർത്തൽ ഏർപ്പെടുത്തുന്നത്. 
  
അതേസമയം, ഡൊനെറ്റ്സ്‌കിലെ സൈനികകേന്ദ്രത്തിൽ കഴിഞ്ഞദിവസം യുക്രൈൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചിരുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള മാക് വ്ക നഗരത്തിലാണ് നഗരത്തിലായിരുന്നു റോക്കറ്റാക്രമണം നടന്നത്.റഷ്യൻ സൈനികർ താമസിക്കുന്ന കെട്ടിടത്തിന് നേരെ യുക്രേനിയൻ സേന ആറ് റോക്കറ്റുകൾ തൊടുത്തുവിട്ടതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ രണ്ട് മിസൈലുകൾ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

10 മാസത്തിന് മുമ്പ് യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസ് സാങ്കേതിക വിദ്യയോട് കൂടിയ ആയുധങ്ങൾ യുക്രൈന് ലഭ്യമായിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യക്കെതിരെ തിരിച്ചടി തുടങ്ങിയത്. അതേസമയം,ആക്രമണത്തിൽ പ്രദേശവാസികൾക്കും പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.