പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം റഷ്യ നിർത്തിവെച്ചു

ss

മോസ്കോ: പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം റഷ്യ നിർത്തിവെച്ചു. റഷ്യൻ ഊർജ ഭീമന്മാരായ ഗാസ്പ്രോമാണ് ഇരു രാജ്യങ്ങളിലേക്കും ഗ്യാസ് വിതരണം ചെയ്തിരുന്നത്.

നേരത്തെ, ഊർജ ഇടപാടുകളെല്ലാം ഔദ്യോഗിക റഷ്യൻ നാണയമായ റൂബിളിൽ നടത്തണമെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിൻ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള ഗ്യാസ് വിതരണം കമ്പനി നിർത്തിവെച്ചത്. റഷ്യ ബ്ലാക്ക്മെയിലിങ് നടത്തുകയാണെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും ‍യൂറോപ്യൻ രാജ്യങ്ങളും ഉപരോധങ്ങൾ കടുപ്പിച്ചതിനു പിന്നാലെ റൂബിളിൻറെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകൾ റൂബിളിൽ മതിയെന്ന നിലപാട് റഷ്യ സ്വീകരിച്ചത്.

റൂബിളിൽ ഇടപാട് നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഗ്യാസ്പ്രോം പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം നിർത്തിവെച്ചത്. ഊർജ വിതരണക്കാരൻ എന്ന നിലയിൽ റഷ്യയുടെ വിശ്വസനീയത ഈ നീക്കത്തോടെ ഇല്ലാതായെന്ന് ഇ.യു കമീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡേർ ലെയ്ൻ പറഞ്ഞു.

എന്നാൽ, തങ്ങൾ ഇപ്പോഴും വിശ്വസനീയമായ ഊർജ പങ്കാളിയാണെന്ന് റഷ്യ പ്രതികരിച്ചു. ഗ്യാസ്പ്രോമിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പോളിഷ് പ്രസിഡൻറ് ആൻഡർസെജ് ഡുഡ അറിയിച്ചു.