വിമാനത്തിലെ ഭക്ഷണത്തിൽ പാമ്പിന്റെ തല; അന്വേഷണം ആരംഭിച്ചു

google news
5
വിമാനത്തിൽ വിളമ്പാനായി കാറ്ററിംഗ് കമ്പനി എത്തിച്ച ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടതായി ഫ്‌ളൈറ്റ് അറ്റൻഡന്റ്. തുർക്കി ആസ്ഥാനമായ എയർലൈൻ കമ്പനിയുടെ വിമാനത്തിലാണ് സംഭവം. എന്നാൽ ഫ്‌ളൈറ്റ് അറ്റൻഡന്റിന്റെ അവകാശവാദം കാറ്ററിംഗ് കമ്പനി നിഷേധിച്ചു. ജൂലായ് 21 ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്കുള്ള സൺഎക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.യാത്രക്കാർക്ക് വിളമ്പാനായി എടുക്കവേ ഫ്‌ളൈറ്റ് അറ്റൻഡന്റ് പാമ്പിന്റെ തല ഭക്ഷണത്തിൽ കണ്ട് ഭയന്നു. മൈൽ എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിലാണ് ഈ സവിശേഷ തലക്കറിയെ കുറിച്ചുള്ള കുറിപ്പ് ആദ്യം വന്നത്. ഉരുളക്കിഴങ്ങും പച്ചക്കറികളും കൊണ്ടുണ്ടാക്കിയ കറിയിലാണ് ചെറിയ പാമ്പിന്റെ തലയുണ്ടായിരുന്നത്. ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു.

പാമ്പിൻ തല ഭക്ഷണത്തിൽ കണ്ടതോടെ വിമാനത്തിൽ ഭക്ഷണം എത്തിക്കുവാൻ കരാർ നൽകിയ ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാർ താൽക്കാലികമായി നിർത്തിയതായി സൺ എക്സ്പ്രസ് അറിയിച്ചു. വിമാനത്തിനുള്ളിലെ ഭക്ഷണ സേവനവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വന്ന ആരോപണങ്ങളും ഷെയറുകളും തീർത്തും സ്വീകാര്യമല്ലെന്നും വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.അതേസമയം ആഹാരത്തിൽ കണ്ടെത്തിയ പാമ്പിന്റെ തല പിന്നീട് ചേർത്തതാണെന്ന് കാറ്ററിംഗ് കമ്പനി അറിയിച്ചു. 280 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് തങ്ങൾ വിളമ്പുന്നതെന്ന് കാറ്ററിംഗ് കമ്പനി അവകാശപ്പെട്ടു.

Tags