ശ്രീലങ്കക്ക് അരിയും മരുന്നുമുൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി തേടി തമിഴ്നാട്

xx

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി തേടി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പ്രമേയം ഐകകണ്‌ഠേനെയാണ് പാസാക്കിയത്.

നിയമസഭയിൽ പാസാക്കിയ പ്രമേയത്തെയും തമിഴ്നാട്ടിലെ ജനം ശ്രീലങ്കക്ക് നൽകുന്ന സഹായത്തെയും ബി.ജെ.പി സംസ്ഥാന ഘടകം സ്വാഗതം ചെയ്തു. പ്രമേയത്തിന് പിന്തുണയറിയിച്ച എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർശെൽവം ശ്രീലങ്കൻ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.

സാധനങ്ങൾ അയക്കാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യപ്പെട്ട് നേരത്തെ നൽകിയ അപേക്ഷകളിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രമേയം പാസാക്കുന്നതിനിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

അയൽ രാജ്യവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ശ്രീലങ്കൻ ജനങ്ങളെ സഹായിക്കാൻ തമിഴ്നാട് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ പ്രമേയത്തിൽ ശ്രീലങ്കക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിൻറെ പദ്ധതികളെ പരാമർശിക്കാത്തതിനെ ബി.ജെ.പി അധ്യക്ഷൻ വിമർശിച്ചു. കേന്ദ്രം ശ്രീലങ്കക്ക് ഇതിനോടകം നൽകിയിട്ടുള്ളതും നൽകാനിരിക്കുന്നതുമായ കാര്യങ്ങൾ പ്രമേയത്തിൽ ഇല്ലാത്തത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.