ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി രഹസ്യബന്ധമില്ലെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്

2
ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിന്റെ ഭാര്യ നിക്കോളെ ഷാനഹനുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്ന മാധ്യമ റിപ്പോർട്ട് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വാർത്തയ്ക്ക് മറുപടിയായി ഇതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു.

“ഗൂഗിൾ സഹസ്ഥാപകൻ സെർജിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി ഒരു പാർട്ടിയിൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു,” എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. മൂന്ന് വർഷത്തിനിടെ താൻ രണ്ട് തവണയാണ് സെർജിയുടെ ഭാര്യയെ കണ്ടിട്ടുള്ളതെന്നും ആ സമയം നിരവധി പേർ ചുറ്റുമുണ്ടായിരുന്നുവെന്നും എലോൺ മസ്‌ക് വ്യക്തമാക്കി.

തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയ പ്രസിദ്ധീകരണം മുമ്പും പല പ്രമുഖരെയും വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. ആ വാർത്തകളുമായി ബന്ധപ്പെട്ട് അവരുടെയൊന്നും വിശദീകരണം പ്രസിദ്ധീകരണം നൽകിയിട്ടുമില്ലെന്ന് എലോൺ മസ്‌ക് ആരോപിച്ചു. 2021 സെപ്റ്റംബറിലാണ് എലോൺ മസ്‌ക് പങ്കാളിയും ഗായികയുമായ ഗ്രിംസുമായുള്ള ബന്ധം വേർപെടുത്തിയത്. ഈ വേർപിരിയലിന് ശേഷമാണ് ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിന്റെ ഭാര്യ നിക്കോളെ ഷാനഹനുമായി എലോൺ മസ്‌ക് ബന്ധം പുലർത്തിയതെന്നാണ് വാർത്തയിൽ പറയുന്നത്. എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞ എലോൺ മസ്‌ക് താൻ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് ഏറെ നാളായെന്നും പറഞ്ഞു.
അടുത്തിടെ എടുത്തതാണെന്ന് അവകാശപ്പെട്ട് സെർജി ബ്രിനിനൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. എലോൺ മസ്‌കിന്റെ കമ്പനിയായ ന്യൂറലിങ്കിന്റെ എക്‌സിക്യൂട്ടീവ് ഷിവോൺ സിലിസുമായി അദ്ദേഹത്തിന് രഹസ്യ ബന്ധമുണ്ടെന്ന് പറയുന്ന പല വാർത്തകളും പുറത്തുവന്നിരുന്നു. 2021 നവംബറിൽ എലോൺ മസ്‌കിന്റെ ഇരട്ടക്കുട്ടികൾക്ക് ഷിവോൺ സിലി ജന്മം നൽകിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.