കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ചുമലിലാണ്;റഷ്യ- യുക്രെയ്ന്‍ അവസാനിക്കണം

modi
റഷ്യ- യുക്രെയ്ന്‍ അവസാനിപ്പിക്കണമെന്ന് മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങാന്‍ നയതന്ത്രചര്‍ച്ചയിലൂടെ വഴികണ്ടെത്തണമെന്നും മോദി പറഞ്ഞു. ലോകത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ട് മോദി പറഞ്ഞു.കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോക മഹായുദ്ധം വിതച്ച നാശം വിവരാണാതീതമാണ്, അതിനുശേഷം, സമാധാനത്തിന്റെ വഴി കണ്ടെത്താന്‍ അന്നത്തെ നേതാക്കള്‍ അക്ഷീണം പരിശ്രമിച്ചു. ഇപ്പോള്‍ കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ചുമലിലാണ്. 

ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭുമിയാണ് ഇന്ത്യ. അടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. മഹാമാരിയുടെ കാലത്തും ഇന്ത്യ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. കൂടാതെ ആവശ്യമുള്ള പലരാജ്യങ്ങള്‍ക്കും ഭക്ഷ്യവിതരണം നടത്തുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴുള്ള രാസവള ക്ഷാമം വലിയ പ്രതിസന്ധിയാണ്. രാസവള ക്ഷാമം ലോകം നാളെ നേരിടുന്ന വലിയ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വളത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണ ശൃംഖല നിലനിര്‍ത്തുന്നതിന് എല്ലാ ജി20 രാജ്യങ്ങളും പരസ്പര ഉടമ്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും മോദി വ്യക്തമാക്കി.