അഫ്ഗാനില്‍ സര്‍വകലാശാലകള്‍ തുറന്നു; ക്ലാസ്സുകളില്‍ ആണ്‍-പെണ്‍കുട്ടികള്‍ പരസ്പരം കാണാതെ നടുവില്‍ കര്‍ട്ടന്‍

Afghanistan universities reopen with curtain dividing male, female students
 

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. കടുത്ത നിയന്ത്രണങ്ങളോടെയാണ് അധ്യയനം വീണ്ടും ആരംഭിച്ചത്. ക്ലാസ്സുകളിൽ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട്  വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ക്ലാസ്മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച താലിബാന്‍ പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കണമെന്നും കണ്ണുകളൊഴികെ മുഖം മൂടിയിരിക്കണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു.

ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാൻ പാടില്ല. ഇരുവരുടേയും ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപികമാരെ നിയമിക്കണം. അധ്യാപികമാര്‍ ലഭ്യമല്ലെങ്കില്‍ മുതിര്‍ന്ന അധ്യാപകരെയും നിയോഗിക്കാം. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം വഴിയിലൂടെയായിരിക്കണം പ്രവേശിക്കേണ്ടത്. ആണ്‍കുട്ടികള്‍ വിദ്യാലയം വിട്ടുപോയതിന് മാത്രമേ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാവൂ, ഓരോ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥിനികളുടെ എണ്ണം അനുസരിച്ച് അധ്യാപികമാരെ നിയമിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.