അഫ്ഗാനിസ്താന്‍ ഭീകരരുടെ താവളമാകാൻ അനുവദിക്കില്ല: ബ്രിക്‌സ് ഉച്ചകോടി

Afghanistan will not be allowed to become a terrorist base: BRICS summit
 

കാബൂള്‍: അഫ്ഗാനിസ്താന്‍ ഭീകരരുടെ താവളമാകാൻ അനുവദിക്കില്ലെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി.അഫ്ഗാനിസ്താനില്‍ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി ആവശ്യപ്പെട്ടു. 

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൺസണാരോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. 

ന്യൂഡല്‍ഹി പ്രഖ്യാപനത്തേയും ഉച്ചകോടി പിന്തുണച്ചു. അഫ്ഗാനിസ്താന്‍ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു.

ഭീകരർക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഐഎസ് വീണ്ടും സജീവമാകുന്നതിൽ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. എന്നാൽ അമേരിക്ക പിന്മാറിയ രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്ളാഡിമിർ പുചിൻ കുറ്റപ്പെടുത്തി.  സ്ഥിതി ചർച്ച ചെയ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ളിങ്കൻ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനകൾക്ക് കിട്ടുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചു.