ട്വിറ്ററിന് നിരോധനം; നൈജീരിയയിൽ ഇനി മുതൽ ഇന്ത്യയുടെ 'കൂ'

koo

നൈജീരിയയിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ നിർമിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം കൂ(koo) വിന്  പ്രചാരമേറുന്നു. ട്വിറ്ററിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണത്താൽ നൈജീരിയൻ  പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് നിന്ന് ട്വിറ്റർ നീക്കം ചെയ്ത് പകരം ഇന്ത്യയുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ അവതരിപ്പിച്ചത്. 

രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്നതിന് കാരണമായ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കമ്പനി തയാറായിട്ടുണ്ടെന്നും നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ ട്വിറ്ററില്‍ നിന്ന് സന്ദേശം ലഭിച്ചതായി നൈജീരിയയിലെ വാര്‍ത്താ സാംസ്‌കാരിക മന്ത്രി ലായ് മുഹമ്മദ് അബുജയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തിന്റ പരമാധികാരമാണ് സർക്കാരിന് പ്രധാനം. നൈജീരിയയിൽ ട്വിറ്ററിന് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ നൈജീരിയയുടെ വളർച്ചയ്‌ക്കോ കോർപ്പറേറ്റ് നിലനിൽപ്പിനോ വിരുദ്ധമായ പ്രവർത്തനങ്ങൾക്കോ ട്വിറ്റർ അതിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന നടപടി  അവസാനിപ്പിക്കണമെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം, നൈജീരിയയിലെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷൻ രാജ്യത്തെ എല്ലാ ഉപയോഗങ്ങളിൽ നിന്നും ട്വിറ്ററിനെ ഒഴിവാക്കിയിട്ടുണ്ട്.
 
ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ഇന്ത്യയുടെ 'കൂ' രാജ്യത്ത് എത്തിയിരിക്കുന്നത്. നൈജീരയിലെ പ്രാദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുവെന്ന്‍ കൂ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണന്‍ ട്വീറ്റ് ചെയ്തു.