പ്രളയത്തില്‍ മുങ്ങി ചൈന: ഇതുവരെ 12 പേര്‍ മരിച്ചു, ട്രെയിനുകളും യാത്രക്കാരും വെള്ളത്തിനടിയില്‍, വീഡിയോ

china


ബീജിംഗ്: പ്രളയത്തില്‍ മുങ്ങി ചൈന. കനത്ത മഴയെ തുടര്‍ന്ന് ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്. ഏകദേശം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ പേര്‍ മരിക്കുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും, വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം പൂര്‍ണമായും വെളളത്തിനടിയിലാണ്. പലയിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. അതേസമയം, 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.