സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി നിക്കി ഹേലി

സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി നിക്കി ഹേലി

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തനിക്ക് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി നിക്കി ഹേലി. 2016 നവംബറിലെ തിരഞ്ഞെടുപ്പിലാണ് ട്രംപ് തനിക്ക് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍, 48-കാരിയായ ഹേലി ആ സമയത്ത് സൗത്ത് കരോലിനയിലെ ഗവര്‍ണറായിരുന്നു. അതുകൊണ്ട് തന്നെ ആ വാഗ്ദാനം വേദനയോടെ നിരസിക്കേണ്ടി വന്നുവെന്നും നിക്കി ഹേലി കൂട്ടിച്ചേര്‍ത്തു. ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ വോയ്‌സ് ഫോര്‍ ട്രംപ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയാണ് ഹേലി ഇപ്പോള്‍. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് ചലഞ്ചര്‍ ജോ ബൈഡനും തമ്മില്‍ ''തികച്ചും വിഭിന്നതയുണ്ടെന്നും തിരഞ്ഞെടുപ്പില്‍ വളരെയധികം അപകടമുണ്ടെന്നും പരിപാടിയില്‍ അവര്‍ പറഞ്ഞു.

പരിപാടിയില്‍ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് ട്രംപ് അവസാനിപ്പിച്ചതായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ ഇന്ത്യന്‍ വംശജ നിക്കി ഹേലി പറഞ്ഞു. അതുപോലെതന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നല്ല സൗഹാര്‍ദ്ദത്തിലാണെന്നും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി വ്യക്തമാക്കി. ട്രംപ് ഭരണത്തില്‍ പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അമേരിക്ക ഇന്ത്യയുമായി പങ്കാളിത്തത്തിലാണെന്ന് ഹേലി പറഞ്ഞു.