അഫ്ഗാനില്‍ അധികാരത്തിനായി താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോര്; ബറാദര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

Fight between Taliban leaders for power in Afghanistan
 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരത്തിനായി താലിബാന്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം അതിരൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിന്‍ പ്രസിഡന്‍്‌റാകുമെന്ന് കരുതുന്ന താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ക്ക് തര്‍ക്കത്തിനിടെ വെടിയേറ്റുവെന്ന് അഫ്ഗാന്‍ പ്രാദേശിക മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനുമായി അടുപ്പം പുലര്‍ത്തുന്ന ഹഖാനി നെറ്റ്‌വര്‍ക്ക് നേതൃത്വവും മുല്ല ബറാദര്‍ സഖ്യവും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ഹഖാനി. പൂര്‍ണമായി താലിബാന്‍ സര്‍ക്കാര്‍ വേണമെന്നാണ് ഹഖാനി നെറ്റ്‌വര്‍ക്കിന്‍റെ ആവശ്യം. 

അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഹഖാനി നേതാവ് അനസ് ഹഖാനിയും താലിബാന്‍ നേതാവ് മുല്ല ബറാദറും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അത് വെടിവെയ്പ്പില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.