അബുദാബിയില്‍ ഒരുങ്ങുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ചിത്രങ്ങൾ കാണാം

അബുദാബിയില്‍  ഒരുങ്ങുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ചിത്രങ്ങൾ കാണാം

അബുദാബിയില്‍ ഒരുങ്ങുന്ന യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണങ്ങൾ പുരോ​ഗമിക്കുകയാണ്.ഇന്ത്യയിലെ ഹിന്ദു ഇതിഹാസങ്ങൾ, എഴുത്തുകൾ, പുരാതന കഥകൾ, ഗൾഫ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ആശയങ്ങൾ എന്നിവ കോർത്തിണക്കിയാണ് ക്ഷേത്രത്തിന്റെ ചുമർപണികൾ ചെയ്തിരിക്കുന്നത്.

ആഗോള ഐക്യത്തിനായുള്ള ഒരു ആത്മീയ ഇടം എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ അന്തിമ മാസ്റ്റർ പ്ലാൻ വീഡിയോയിലൂടെ ക്ഷേത്ര സമിതി പുറത്തിറക്കിയിട്ടുണ്ട്, ശ്രീകോവിലിനെ മറികടക്കുന്ന ഒരു വലിയ ആംഫിതിയേറ്റർ. അബു മുരൈഖ പ്രദേശത്തെ കോമ്പൗണ്ടിനുള്ളിൽ ഒരു ലൈബ്രറി, ഒരു ക്ലാസ് റൂം, ഒരു മജ്‌ലിസ്, ഒരു കമ്മ്യൂണിറ്റി സെന്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിന്റെ പ്രവേശന കവാടത്തിലേക്കുള്ള പടികളിലൂടെ വെള്ളച്ചാട്ടം, ക്ഷേത്ര സമുച്ചയത്തെ ചുറ്റുന്ന ജലാശയങ്ങളും വീഡിയോയിൽ കാണാം.

52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങള്‍ പണിത ‘ബോച്ചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ എന്ന പ്രസ്ഥാനമാണ് അബുദാബിയിലെ അല്‍ റഹ്ബ പ്രദേശത്ത് ഒരുങ്ങുന്ന ക്ഷേത്ര നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ അബുദാബിയില്‍ നടത്തിവരികയാണ്.

ക്ഷേത്ര നിര്‍മ്മിതിയില്‍ മൂവായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ ഭാഗമായി. നിര്‍മ്മിതിയുടെ ഓരോ ഘട്ടവും ഭക്തരിലേക്ക് എത്തിക്കുന്നതിനായി പുതിയ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുരാതന ക്ഷേത്ര നിര്‍മ്മിതികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യു.എ.ഇയിലെ ക്ഷേത്രത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അബുദാബി ഗവണ്‍മെന്റ് അനുവദിച്ച 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം ഉയരുക. പൂര്‍ണമായും ശിലകള്‍ കൊണ്ട് നിര്‍മിക്കുന്ന ക്ഷേത്രം രണ്ടായിരത്തിഇരുപതോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാര്‍ത്ഥന കേന്ദ്രം,ഭക്ഷണശാലകള്‍, ഗ്രന്ഥശാല, കായിക കേന്ദ്രങ്ങള്‍ എന്നിവ ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മ്മിക്കും.

വരുന്ന 50 വര്‍ഷത്തേക്ക് മര്‍ദ്ദം, താപനില, ഭൂകമ്പം സംബന്ധിച്ച ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ക്ഷേത്രത്തില്‍ 300ല്‍ അധികം ഹൈടെക് സെന്‍സറുകള്‍ സ്ഥാപിക്കും.അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമുയരുന്നത്. സ്വാമി മഹദ് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷം നടന്നത്.