ചരിത്രത്തില്‍ ആദ്യം; മനുഷ്യനിൽ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു

in first us surgeons transplant pig heart into human patient

ബാള്‍ട്ടിമോര്‍: വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. 57കാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ദിവസം മുന്‍പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്.

ഈ ശസ്ത്രക്രിയ വിജയകരമായാല്‍ ലോകമെമ്പാടുമുള്ള അവയവമാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായകമായ മാറ്റമായിരിക്കും സംഭവിക്കുക. ഡോ.ബാർട്‌ലി പി.ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതുവരെ കുഴപ്പങ്ങളില്ലെന്നും പൂർണഫലം അറിയാൻ ഏതാനും ദിവസം കൂടി വേണമെന്നും ഡോക്ടർമാർ പറഞ്ഞു. യന്ത്രസഹായത്തോടെയാണ് ബെന്നറ്റിൻ്റെ ഹൃദയവും ശ്വാസകോശവും ഇപ്പോൾ പ്രവർത്തിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞയുടൻ തന്നെ അന്യജീവിയുടെ ഹൃദയത്തെ മനുഷ്യ ശരീരം നിരാകരിച്ചില്ലെന്നതു ശുഭസൂചനയാണ്. കടുത്ത ഹൃദ്രോഗം മൂലം മരണത്തിൻ്റെ വക്കിലെത്തിയ ആളാണ്  ബെന്നറ്റ്. മനുഷ്യ ദാതാവിൽ നിന്നുള്ള ഹൃദയമോ ഹാർട്ട് പമ്പോ സ്വീകരിക്കാൻ അദ്ദേഹത്തിൻ്റെ  ശരീരത്തിനു കഴിയാത്തതിനാൽ മറ്റു വഴികൾ ഇല്ലായിരുന്നു. മൃഗങ്ങളിൽ നിന്നു ഹൃദയം സ്വീകരിക്കാൻ നേരത്തെയും ശ്രമങ്ങളുണ്ടായിട്ടുണ്ട്.

എന്നാൽ തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്ന ‘സീനോട്രാൻസ്പ്ലാന്റ് റിജക്‌ഷൻ’ മൂലം ഇവ പരാജയപ്പെടുകയായിരുന്നു. ഈ നിരാകരണത്തിനു കാരണമായ 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കിയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തിയുമായിരുന്നു പുതിയ പരീക്ഷണം. കഴിഞ്ഞ വർഷം പന്നിയുടെ വൃക്ക ഈ വിധം പരീക്ഷിച്ചിരുന്നു.