വിദേശരാജ്യങ്ങളുടെ ഭീഷണി: സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും

china and north korea

ബീജിങ്: വിദേശരാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങള്‍ക്കുമെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൗഹാർദ്ദം ശക്തമാക്കാൻ തീരുമാനം.

വിദേശ രാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിര്‍ണായകമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 1961ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. ആണവായുധങ്ങളുടെ പേരില്‍ അന്താരാഷ്ട്ര രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനയെയാണ് ഉത്തരകൊറിയ കൂടുതല്‍ ആശ്രയിക്കുന്നത്. 

ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത.