ഏഴടി ഏഴിഞ്ച്, ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിത; ഗിന്നസ് തിളക്കത്തിൽ റുമെയ്‌സ ഗെൽഗി

Rumeysa Gelgi
 

അങ്കാറ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയെന്ന റെക്കോഡ് തുർക്കിക്കാരിയായ റുമെയ്സ ഗെൽഗിക്ക് (Rumeysa Gelgi)  സ്വന്തം. 24കാരിയുടെ ഉയരം 215.16 സെന്റിമീറ്റർ (7 അടി 0.7 ഇഞ്ച്).

എന്നാല്‍, ഇവരുടെ ഈ ഉയരം സ്വാഭാവികമായുള്ള ശാരീരിക അവസ്ഥയിൽ ഉണ്ടായതല്ല. ഇത് ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വീവര്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ഇത്രയും ഉയരം വച്ചത്. അസ്ഥികൾക്ക് ശരീരത്തെ താങ്ങാനുള്ള ശേഷി കുറവായതിനാൽ വീൽചെയറിലാണ് സഞ്ചാരം. വളരെ കുറച്ചുസമയം ഊന്നുവടിസഹായത്തോടെ നടക്കാനാകും.

ഗിന്നസ് റെക്കോഡ് അധികൃതർ ഇന്‍സ്റ്റഗ്രാമില്‍ റുമെയ്‌സയുടെ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. “ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ വനിത . . .” എന്നായിരുന്നു വീഡിയോയുടെ അടിക്കുറുപ്പ്. “വ്യത്യസ്തമായിരിക്കുക എന്നത് ഒരു മോശമായ കാര്യമല്ല. അത് ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സ്വന്തമാക്കാനും നിങ്ങളെ സഹായിച്ചേക്കാം. ഇത് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു! 215.16 സെന്റീമീറ്റര്‍ (7 അടി .7 ഇഞ്ച്) ഉയരമുള്ള തുര്‍ക്കി സ്വദേശി റുമെയ്‌സ ഗെല്‍ഗിയാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള വനിത.” എന്നാണ് ഗിന്നസ് റെക്കോർഡ് അധികൃതർ പങ്കുവച്ച വീഡിയോ വ്യക്തമാക്കുന്നത്.  

2014-ൽ ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിയായി റുമെയ്സയെ തെരഞ്ഞെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയാണ് ഇപ്പോൾ ഗെൽഗി. എന്നാൽ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ വനിത ചൈനയിലെ സെങ് ജിൻലിയൻ ആയിരുന്നു, 1982 ൽ മരിക്കുന്നതിന് മുമ്പ് 8 അടി 1 ഇഞ്ച് ആയിരുന്നു അവരുടെ ഉയരം.

ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യൻ തുർക്കിക്കാരനായ സുൽത്താൻ കോസനാണ്. ഉയരം 251 സെന്റീമീറ്റർ (8 അടി, 2.9 ഇഞ്ച്).