അമേരിക്കയിൽ നാശം വിതച്ച് ഐ​ഡ ചു​ഴ​ലി​ക്കാ​റ്റ്; 46 മ​ര​ണം

s

ലൂസിയാന: അമേരിക്കയിൽ നാശം വിതച്ച് ഐ​ഡ ചു​ഴ​ലി​ക്കാ​റ്റ്.രാജ്യത്തെ ലൂസിയാന സംസ്ഥാനത്ത് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കി. ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 46 പേർ മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്. 

ന്യൂജേഴ്‌സിയിൽ മാത്രം 23 പേരും ന്യൂയോർക്ക് സിറ്റിയിൽ 13 പേരും വെള്ളപ്പൊക്കത്തിൽ മരിച്ചു. ഇതിൽ പത്തിലധികം ആളുകളും ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകളിൽ കുടുങ്ങി മരിച്ചവരാണ്. രാജ്യത്തെ തന്നെ ഏറ്റവും ചിലവേറിയ പ്രദേശത്ത് വിലകുറവിൽ താമസ സ്ഥലങ്ങൾ ലഭിക്കുന്നു എന്നതാണ് ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകളുടെ പ്രത്യേകത.

പെൻസിൽവാനിയയിൽ ഭാര്യയെ രക്ഷിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ യുവാവും മരം വീണ് പരിക്കേറ്റയാളും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ വൈദ്യുതി വിതരണ ശൃംഖല തകർന്നതോടെ പത്ത് ലക്ഷത്തിലധികം കുടുംബങ്ങൾ ഇരുട്ടിലായെന്നാണ് വിവരം.