ഭാര്യ ഫോണ്‍ പരിശോധിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍

phone checking 27/5

റാസ് അല്‍ ഖൈമ: ഭാര്യ ഫോണ്‍ പരിശോധിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. യുവതിയ്ക്ക് ഒരു ലക്ഷം രൂപയോളം പിഴയിട്ട് റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതി. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഭാര്യ തന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചെന്നും അതിലെ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു കൊടുത്ത് തന്നെ അപമാനിച്ചു എന്നും ആരോപിച്ചായിരുന്നു ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. അറബ് വനിതയ്ക്ക് 5400 ദിര്‍ഹം (ഏകദേശം 106880 രൂപ) പിഴയാണ് ശിക്ഷ വിധിച്ചത്. 

അതേസമയം, ഭാര്യയുടെ പ്രവൃത്തിയില്‍ തനിക്ക് മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നെന്നും നഷ്ട്ടപരിഹാരം നല്‍കണമെന്നും യുവാവ് പരാതിയില്‍ പറയുന്നു. അതിനിടെ പരാതിക്കാരനായ ഭര്‍ത്താവ് തന്റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കേസ് നടക്കുന്ന സമയത്ത് ജോലിക്ക് ഹാജരാകാന്‍ കഴിയാത്തത് മൂലം ശമ്പളവും നഷ്ടമായി. അറ്റോര്‍ണി ഫീസ് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഭര്‍ത്താവ് അവകാശപ്പെട്ടിരുന്നു. വാദം കേട്ട കോടതി ഭര്‍ത്താവിന്റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്. ഫോണ്‍ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന് നഷ്ടപരിഹാര തുക നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പിഴയ്ക്ക് പുറമെ നിയമ നടപടികള്‍ക്കടക്കം ചിലവായ തുകയും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്