'പോലീസ് വീട് വളഞ്ഞു, അറസ്റ്റ് ഉടൻ ഉണ്ടാകും; ഇത് ഒരുപക്ഷേ അറസ്റ്റിന് മുൻപത്തെ അവസാന ട്വീറ്റ് ആയേക്കാം': ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പോലീസ് തന്റെ വീട് വളഞ്ഞുവെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇമ്രാൻ പറഞ്ഞു. ഒരുപക്ഷേ ഇത് തന്റെ അടുത്ത അറസ്റ്റിന് മുന്‍പേയുള്ള അവസാനത്തെ ട്വീറ്റ് ആയിരിക്കുമെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു. തന്റെ വീടിന് പുറത്തെ പോലീസ് വിന്യാസത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അഴിമതി വിരുദ്ധ ഏജൻസി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇമ്രാന്റെ അറസ്റ്റ് രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. കുറഞ്ഞത് എട്ട് പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി.) ഇമ്രാനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയ ഇമ്രാനെ ബലപ്രയോഗത്തിലൂടെയായിരുന്നു എന്‍.എ.ബി. അറസ്റ്റ് ചെയ്തത്. കോടതിയില്‍ കയറി ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.