അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തന രഹിതമായി

service

അന്തരാഷ്ട്ര മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, ദി ഗാര്‍ഡിയന്‍, സിഎന്‍എന്‍, തുടങ്ങിയവയുടെ വെബ് സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തന രഹിതമായി. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ടൈം മാഗസീന്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, എന്നിവയുടെ വെബ്‌സൈറ്റുകൾക്കും സമാനമായ പ്രശ്‌നം നേരിട്ടു. ഇതിനു പുറമെ ആമസോണ്‍, പിന്റെറസ്റ്റ്, എച്ച്ബിഒ മാക്സ്സ്, സ്‌പോട്ടിഫൈ എന്നിവയുടെ ആപ്പുകളുടെയും പ്രവര്‍ത്തനം നിലച്ചു.

 'സെര്‍വീസ് ലഭ്യമല്ല' എന്ന മെസ്സേജാണ് ഈ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ കാണിച്ചത്. മിനിട്ടുകള്‍ നീണ്ടു നിന്ന ഈ പ്രശ്‌നത്തിനൊടുവില്‍ സൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തന ക്ഷമമായി. 

അതേസമയം, മറ്റു അന്തരാഷ്ട്ര മാധ്യമങ്ങളായ അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ് എന്നിവയുടെ സൈറ്റുകള്‍ ലഭ്യമായിരുന്നു. ഇന്റര്‍നെറ്റ് സേവനത്തില്‍ വന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് സിഎന്‍എന്‍ വ്യക്തമാക്കി. 

ഇന്റര്‍നെറ്റ് സര്‍വീസായ ഫാസ്റ്റിലിയിലെ ക്ലൗഡ സെര്‍വര്‍ ഡൗണ്‍ ആയതാണ് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫാസ്റ്റ്‌ലി തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.