ഗാസ സംഘര്‍ഷത്തില്‍ അന്വേഷണം; യുഎൻ പ്രമേയത്തിൽ വോട്ടുചെയ്യുന്നതിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ഇസ്രയേൽ വ്യോമാക്രമണം: ഗാസ സിറ്റിയിൽ 33 പേര്‍ കൊല്ലപ്പെട്ടു; ഹമാസിന്‍റെ രാഷ്ട്രീയകാര്യ തലവന്‍റെ വീട് തകര്‍ത്തു

ജനീവ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടെ നടത്തിയ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ യുഎൻ മനുഷ്യാവകാശ സമിതിയിൽ നടത്തിയ പ്രമേയത്തിൽ വോട്ടുചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഗാസയിലെ ആക്രമണം, പലസ്തീന്‍, ഇസ്രായേല്‍ പ്രദേശങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 47 അംഗങ്ങളുള്ള യുഎൻ ബോഡിയിൽ 24 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഒമ്പത് പേർ എതിർത്തു.  

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ചൈന, റഷ്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ അനുകൂലിച്ചു. 11 ദിവസം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണോ എന്ന് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഇസ്രയേലും സായുധ സംഘങ്ങളും തമ്മിൽ വെടിനിർത്തൽ ഉണ്ടാക്കാൻ കാരണമായ അന്താരാഷ്ട്ര സമൂഹത്തിന്‍റെയും പ്രാദേശിക രാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് യുഎന്നിന്‍റെ ഇന്ത്യൻ പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പ്രത്യേക സെഷനിൽ പറഞ്ഞു. ഹറം അൽ ഷെരീഫ് , ടെമ്പിൾ മൗണ്ട് തുടങ്ങി മറ്റ് പലസ്തീൻ പ്രദേശങ്ങളിൽ തുടരുന്ന അക്രമങ്ങളെക്കുറിച്ചും കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ, സിൽവാൻ ‌പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കൽ പ്രക്രിയയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇന്ദ്ര മണി പാണ്ഡെ കൂട്ടിച്ചേർത്തു.

 
ഇസ്രയേലിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഗസയിൽ നിന്നുള്ള വിവേചനരഹിതമായ റോക്കറ്റ് ആക്രമണങ്ങളും ഗസയിലേക്കുള്ള പ്രതികാരപരമായ വ്യോമാക്രമണവും വളരെയധികം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ട്. അക്രമത്തിന്‍റെ ഫലമായി ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും പാണ്ഡെ പറഞ്ഞു.

ഗസയിൽ 230 ഓളം പേരും ഇസ്രയേലിൽ 12 പേരും കൊല്ലപ്പെട്ട 11 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടിനിർത്തൽ കരാറിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്.