ഇറാന്റെ പ്രഥമ പ്രസിഡന്റ് അബുൽ ഹസൻ ബനിസദർ അന്തരിച്ചു

s
 

തെഹ്​റാൻ:ഇറാന്റെ ആദ്യ പ്രസിഡന്റ് അബുൽ ഹസൻ ബനിസദർ അന്തരിച്ചു. 88 വയസായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു.

വിപ്ലവത്തിനു പിറകെ രാജ്യത്തെ പരമോന്നത നേതാവ് റൂഹുല്ല ഖഉമൈനി അടക്കമുള്ള മതപണ്ഡിതരുടെ പൂർണ പിന്തുണയോടെയാണ് അബുൽഹസൻ ബനിസദർ ഇറാന്റെ നേതാവായി ഉയർന്നുവരുന്നത്. ഇറാൻ പരമോന്നത നേതാവായിരുന്ന റൂഹുല്ല ഖുമൈനിയുടെ സുഹൃത്തായിരുന്നു ഇദ്ദേഹത്തിന്റെ  പിതാവ്​. യൂറോപ്പിലായിരുന്നു ബനിസദ്​റിന്റെ വിദ്യാഭ്യാസം. ഇസ്​ലാമിക വിപ്ലവത്തിനു ശേഷം 1980ൽ ഇറാന്റെ  ആദ്യ പ്രസിഡൻറായി ബനിസദ്​റിനെ തെരഞ്ഞെടുത്തു.

വൻഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു ബനിസദറിന്റെ അധികാരാരോഹണം. നാലുവർഷമായിരുന്നു ഭരണകാലയളവ്. ഇതോടൊപ്പം രാജ്യത്തിന്റെ സൈനികത്തലവനായും ഖുമൈനി അദ്ദേഹത്തെ നിയമിച്ചു. മതവേഷം ധരിച്ച പണ്ഡിതനേതൃത്വത്തിനിടയിൽ പടിഞ്ഞാറൻശൈലിയിലായിരുന്നു അദ്ദേഹം നടന്നത്. അപ്പോഴും രാജ്യത്തിന്റെ പരമോന്നത പണ്ഡിതസഭയും ആചാര്യനും അദ്ദേഹത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു.

എന്നാൽ തെഹ്​റാനിൽ യു.എസ്​ എംബസി സ്​ഥാപിച്ചതും ഇറാൻ-ഇറാഖ്​ യുദ്ധവും അദ്ദേഹത്തി​ന്​ വെല്ലുവിളിയായി. അതിനു ശേഷം ഖുമൈനി അടക്കമുള്ള നേതാക്കളുമായി തെറ്റിപ്പിരിഞ്ഞു.1981ൽ ഖുമൈനിയുടെ പിന്തുണയോടെ ഇദ്ദേഹത്തെ ഇംപീച്ച്​ ചെയ്​തു. പൊലീസ്​ പിടികൂടുമെന്നായപ്പോൾ ഫ്രാൻസിലേക്ക്​ കടന്ന ബനിസദ്​ർ മരണം വരെ അവിടെയാണ്​ ജീവിച്ചത്​.