ഐഎസ് ധനകാര്യ മേധാവി പിടിയിൽ;സുപ്രധാന നേട്ടമെന്ന് ഇറാഖ്

sami jaseem

ബഗ്ദാദ് : ഭീകരസംഘടനയായ ഐഎസിന്റെ ധനകാര്യ വിഭാഗം മേധാവിയായ സമി ജസീമിനെ ഇറാഖ് സുരക്ഷാസേന പിടികൂടി. വധിക്കപ്പെട്ട ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദി കഴിഞ്ഞാൽ പ്രധാനിയായ ജസീമിനെ രാജ്യത്തിനു പുറത്തുനിന്നാണു പിടികൂടിയതെന്ന് അറിയിച്ച ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

2019ൽ സിറിയയിൽ യുഎസ് വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഹാജി ഹമീദ് എന്ന പേരിലും അറിയപ്പെടുന്ന ജസീമിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് അന്ന് യുഎസ് സേന 50 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തിരുന്നു.2014ൽ സിറിയയിലും ഇറാഖിലും ഒട്ടേറെ തന്ത്രപ്രധാനമായ മേഖലകൾ പിടിച്ചെടുത്തതോടെ, അനധികൃത എണ്ണ, വാതക വിൽപനയിലൂടെയും പുരാവസ്തു ഇടപാടിലൂടെയും മറ്റും ഭീകരസംഘടനയ്ക്കാവശ്യമായ പണം സമാഹരിച്ചത് ജസീം ആയിരുന്നു. സിറിയയിലും ഇറാഖിലുമായി ഐഎസിനു പതിനായിരത്തോളം അംഗങ്ങൾ ശേഷിക്കുന്നുവെന്നാണു സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.