ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ പ്രസംഗങ്ങള്‍ അടങ്ങിയ ആപ്പ് ഗൂഗിള്‍ പ്ളേ‌സ്‌റ്റോറില്‍

മസൂദ്
 

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള ഒരു ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാനാവും. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

'അച്ഛീ ബാത്തേന്‍' (നല്ല കാര്യങ്ങള്‍) എന്ന പേരിലെ ആപ്പാണ് ഗൂഗിള്‍ പ്ളേ സ്‌റ്റോറില്‍ ലോകമാകമാനമുള‌ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനങ്ങളാണ് ഈ ആപ്പിലുള‌ളത്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആപ്പില്‍ ഒരിടത്തും നേരിട്ട് പറയുന്നില്ല. എന്നാല്‍ ഈ പ്രബോധനങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആപ്പിന് പുറത്ത് വെബ് പേജുകളിലേക്കുള‌ള ലിങ്കും നല്‍കിയിട്ടുണ്ട്. അതില്‍ പുസ്‌തകങ്ങള്‍, എഴുത്തുകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവയുണ്ട്. എല്ലാം മസൂദ് അസറുമായോ അയാളുടെ കൂട്ടാളികളുമായോ ബന്ധമുള‌ളവയാണ്.

ആപ് ഡവലപ് ചെയ്യുന്നവര്‍ ഒരു ബ്ലോഗ് പേജ് സൃഷ്ടിച്ചിട്ടുണ്ട്. ഈ പേജ് ആപിനെക്കുറിച്ച്‌ വിശദീകരിക്കുന്ന പേജിലേക്ക് ഹൈപര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഈ വെബ് പേജില്‍ ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍ എഴുതിയ ലേഖനം കാണാം. സാഡി എന്ന തൂലികനാമത്തിലാണ് മസൂദ് അസ്ഹര്‍ ലേഖനമെഴുതിയിരിക്കുന്നത്. മസൂദ് അസ്ഹറിന്‍റെ സാഡി എന്ന തൂലികാനാമം പ്രസിദ്ധമാണ്.

പ്ലേ സ്റ്റോറില്‍ 2020 ഡിസംബര്‍ നാലിനാണ് ഈ ആപ് ആദ്യമായി എത്തുന്നത്. ഇതുവരെ 5,000 പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സ്വതന്ത്ര വിദ്യാഭ്യാസ ആപില്‍ സന്ദേശങ്ങളും പ്രമുഖരുടെ ആപ്തവാക്യങ്ങളും പാകിസ്ഥാനില്‍ നിന്നുള്ള നിരവധി ഇസ്ലാമിക മതപണ്ഡിതരുടെ പുസ്തകങ്ങളുടെ ലിങ്കുകളും കാണാം. മൗലാന താരിഖ് ജമില്‍ മുതല്‍ കൊല്ലപ്പെട്ട തീവ്രവാദി റാഷിദ് അഹമ്മദിന്റെ വരെ ലേഖനങ്ങള്‍ ഉണ്ട്.

ആപ്പിന്റെ സെര്‍വര്‍ ജര്‍മ്മനിയിലാണ്. ഉപഭോക്താവിന്റെ ഫോണിലെ വിവരങ്ങളെല്ലാം വളരെ പെട്ടെന്ന് ശേഖരിക്കാന്‍ ആപ്പിനാകും. ഈ ആപ്പ് നിരോധിക്കുന്നതിന് ഗൂഗിളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ സൂചിപ്പിച്ചു.

ഇന്ത്യയിലേക്ക് നിരന്തരം ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്ന സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ 2001 മുതല്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. വിദേശ തീവ്രവാദ സംഘടനയായി അമേരിക്കയും കണക്കാക്കുന്നു.