ജപ്പാനിൽ കോവിഡ് വ്യാപനം രൂക്ഷം: ഒറ്റ ദിവസം 456 മരണം; എക്കാലത്തേയും ഉയർന്ന പ്രതിദിന കണക്ക്

ജപ്പാനിൽ കോവിഡ് വ്യാപനം രൂക്ഷം: ഒറ്റ ദിവസം 456 മരണം; എക്കാലത്തേയും ഉയർന്ന പ്രതിദിന കണക്ക്
 

ടോക്യോ: ജപ്പാനിലെ കോവിഡ് മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയില്‍‌. വെള്ളിയാഴ്ച്ച മാത്രം 456 കോവി‍ഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരണമടഞ്ഞത്.  

വ്യാഴാഴ്ച മുതൽ 2,45,542 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20,720 കേസുകൾ ടോക്കിയോയിൽ മാത്രമാണ്. കോവിഡ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പത്തെ കോവിഡ‍് തരം​ഗം മൂലം ഓ​ഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ‍് മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്.

 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരണം സംഭവിച്ചവരിൽ 40.8 ശതമാനം പേരും 80 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ 34.7 ശതമാനവും 70ന് മുകളിലുള്ളവർ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതർ പറഞ്ഞു.