ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്

johnson and johnson


വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ അപൂര്‍വമായ നാഡീപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ). എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഗില്ലന്‍ ബാറെ സിന്‍ഡ്രോം (ജി ബി എസ്)എന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്തതായി സൂചനകളുണ്ട്. 12.8 ദശലക്ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീനുകള്‍ നല്‍കിയതില്‍, നൂറോളം ജി ബി എസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.

പേശി ബലഹീനതയ്ക്കും തളര്‍വാതത്തിനും കാരണമാകുന്ന ഗില്ലന്‍ ബാരെ സിന്‍ഡ്രോം ഈ വാക്‌സീന്‍ സ്വീകരിച്ച ചില ആളുകളില്‍ ഉണ്ടായെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൈകാലുകള്‍ക്ക് ബലഹീനതയോ തരിപ്പോ അസ്വസ്ഥതകളോ അനുഭവപ്പെടുന്നവര്‍ ഉടനെ വൈദ്യസഹായം തേടണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ മൊഡേണ, ഫൈസര്‍ വാക്‌സീനുകളുമായി ബന്ധപ്പെട്ട് ഇത്തരം പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.