ഇംഗ്ലണ്ട് വീണ്ടും ലോക്ക്ഡൗണിലേക്ക്

ഇംഗ്ലണ്ട് വീണ്ടും ലോക്ക്ഡൗണിലേക്ക്

ലണ്ടന്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനം. അടുത്ത ആഴ്ച മുതല്‍ വീണ്ടും ഒരു മാസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച്‌ തീരുമാനം പ്രഖ്യാപിക്കും.

ഇതോടെ യൂറോപ്പിലെ കൂടുതല്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. വെയ്ല്‍സ്, സ്‌കോട്ട്‌ലണ്ട്, വടക്കന്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍ നിലവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെയും ആരോഗ്യവിദഗ്ധരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീണ്ടും ലോക്ക്ഡൗണിലേക്ക പോകാന്‍ ബോറിസ് ജോണ്‍സണ്‍ വഴങ്ങിയത്.

വെള്ളിയാഴ്ച യു.കെയില്‍ 24,405 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 274 പേര്‍ മരിച്ചു. യു.കെയിലെ മൊത്തത്തിലുള്ള കോവിഡ് നിരക്ക് യൂറോപ്പിലെ മുഴുവന്‍ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റിള്‍ക്കും ഇളവ് അനുവദിച്ചുകൊണ്ട് തിങ്കളാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.