വാക്സിനെടുക്കുന്നവര്‍ക്ക് കഞ്ചാവ്; വ്യത്യസ്തമായ വാക്സിന്‍ കാമ്പയിനുമായി വാഷിങ്ടണ്‍

j

വാഷിങ്ടണ്‍ ഡിസി: കോവിഡ് വാക്സിനേഷന് ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്തമായൊരു കാമ്പയിനുമായി യു.എസിലെ വാഷിങ്ടണ്‍ സംസ്ഥാനം. 'ജോയിന്‍റ്സ് ഫോര്‍ ജാബ്സ്' (വാക്സിനെടുക്കൂ, കഞ്ചാവടിക്കൂ) എന്ന കാമ്പയിനാണ് കൂടുതല്‍ പേരെ വാക്സിന്‍ കേന്ദ്രത്തിലെത്തിക്കാന്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. 21 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രം​ഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോ​ഗം നിയമവിധേയമാണ്.  

വാഷിങ്ടണിലെ 54 ശതമാനം പേരും ഒരു തവണയെങ്കിലും വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവസാന ആഴ്ച്ചകളിൽ രാജ്യത്തെ വാക്സിൻ നിരക്കിൽ ഇടിവ് സംഭവിച്ചതാണ് പുതിയ ഓഫറുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്.

വാക്സിനെടുക്കുന്നവര്‍ക്ക് മദ്യം സൗജന്യമായി നല്‍കുന്ന പദ്ധതി നേരത്തെ വാഷിങ്ടണില്‍ നടപ്പാക്കിയിരുന്നു. കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആറ് മാസത്തിനിടെയാണ് ഈ 'ഓഫര്‍' ഉപയോഗിക്കാനാകുക.

കാലിഫോര്‍ണിയ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ 'വാക്സിന്‍ ലോട്ടറി' പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതായിരുന്നു പദ്ധതി. വാക്സിനെടുക്കുന്നവർക്ക് സ്പോർട്സ് ടിക്കറ്റുകൾ, സൗജന്യ വിമാന ടിക്കറ്റുകൾ, ബിയർ എന്നിവ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമുണ്ട്.


വാക്സിനെടുത്താല്‍ കഞ്ചാവ് നല്‍കുന്ന പദ്ധതി ജൂലൈ 12 വരെയാണ് നടപ്പാക്കുക. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലോട് കൂടി രാജ്യത്തെ 70 ശതമാനം പേർക്കെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.